NRI
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമില്‍ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തില്‍ മലയാളി വിദ്യാര്‍ഥിനി.
അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എന്‍ജിനിയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു.
സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കല്‍ നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
NRI
ദുബായി: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. ബിബിഎ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ(18) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ദുബായിയിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വി.ജി. കൃഷ്ണകുമാർ - വിധു ദമ്പതികളുടെ മകനാണ്. സഹോദരി: വൃഷ്ടി കൃഷ്ണകുമാർ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
NRI
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
NRI
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
NRI
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജിന്സണ്(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി. ജിൻസണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ്.
ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠനവിസ ലഭിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6.30ന് മലയാളി വിദ്യാർഥികളുടെ സംഘത്തോടൊപ്പം ബർലിനിലെ വൈസൻസീയിൽ കുളിക്കാൻ ഇറങ്ങിയ ആഷിൻ നീന്തുന്നതിനിടെ കുഴഞ്ഞുപോയി വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.
ഉടൻതന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി പ്രഥമശുശ്രൂഷയും സിപിആറും നൽകി. ഗുരുതരാവസ്ഥയിലായിരുന്ന ആഷിനെ എയർ ആംബുലൻസിൽ ബർലിനിലെ ചാരിറ്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ആഷിൻ മരിച്ചു. ഒരു സഹോദരിയുണ്ട്. ബർലിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, കേരള വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ തുടങ്ങിയവർ സംഭവത്തിൽ ഇടപ്പെട്ടു.